06:54am 07 September 2026
NEWS
ഒരേ രാത്രിയിൽ അഞ്ചു വീടുകളിൽ മോഷണവും മോഷണശ്രമവും
11/06/2026  08:37 PM IST
nila
ഒരേ രാത്രിയിൽ അഞ്ചു വീടുകളിൽ മോഷണവും മോഷണശ്രമവും

ചെങ്ങന്നൂർ:  ചെറിയനാട് പതിനഞ്ചാം വാർഡ് അത്തിമൺചേരി ഭാഗത്ത് ഒരേ രാത്രിയിൽ അഞ്ചു വീടുകളിൽ മോഷണവും മോഷണശ്രമവും
നടത്തി. ബുധനാഴ്ച രാത്രി 11.30-നും 12.30-നും മധ്യേ മോഷണ പരമ്പര അരങ്ങേറിയത്. വീടുകളിൽ നിന്ന് 5000 രൂപ, കാൽ പവന്റെ സ്വർണമോതിരം, ബൈക്ക്, കുട, മഴക്കോട്ട് എന്നിവ മോഷ്ടിക്കപ്പെട്ടു.
​കണ്ണങ്ങാട്ടിൽ ചന്ദ്രൻ, കെട്ടിട നിർമാണ കരാറുകാരൻ തോമസ് വാടകയ്ക്കു താമസിക്കുന്ന വീട്, മാമ്പള്ളിതെക്കേതിൽ സോമനാഥക്കുറുപ്പ്, സോമൻപിള്ള, സുമേഷ് എന്നിവരുടെ വീടുകളിലാണ് മോഷ്ടാവ് എത്തിയത്.
​ചന്ദ്രന്റെ വീട്ടിൽ നിന്നാണ് ബൈക്കും കുടയും നഷ്ടപ്പെട്ടത്. കെട്ടിട നിർമാണ കരാറുകാരനായ തോമസ് തൊഴിലാളികളോടൊപ്പം താമസിക്കുന്ന വാടകവീടിന്റെ ജനാല വഴി വാതിൽകുറ്റി മാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. അകത്തുണ്ടായിരുന്ന തൊഴിലാളികളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും കാൽ പവന്റെ സ്വർണമോതിരവുമാണ് ഇവിടെ നിന്ന് കവർന്നത്. സുമേഷിന്റെ വീടിന്റെ കാർപോർച്ചിലിരുന്ന മഴക്കോട്ടും മോഷ്ടാവ് അപഹരിച്ചു. മറ്റു രണ്ടു വീടുകളിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
സോമനാഥക്കുറുപ്പിന്റെയും സോമൻപിള്ളയുടെയും വീടുകളിലെ സിസിടിവി കാമറകളിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മുഖം തുണികൊണ്ട് മറച്ച നിലയിലായതിനാൽ ആളെ വ്യക്തമല്ല. അടിവസ്ത്രം മാത്രം ധരിച്ച്  നഗ്നനായുമാണ് മോഷ്ടാവ് എത്തിയതെന്ന് ദൃശ്യങ്ങളിൽ കാണാവുന്നതാണ്.
ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി കൂടുതൽ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി അന്വേഷണം ഊർജ്ജിതമാക്കി.
​കഴിഞ്ഞ വർഷവും ഇതിനു സമീപപ്രദേശത്ത് സമാനമായ രീതിയിൽ മോഷണശ്രമം നടന്നിരുന്നു. അന്ന് ഒന്നിലധികം പേരുള്ള സംഘമാണ് എത്തിയതെന്ന് വ്യക്തമായിരുന്നു. ഈ സംഘത്തെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.